മലയാളത്തിലെ ആദ്യ സമ്പൂർണ എഐ സിനിമ വാഗ്ദത്തഭൂമി റിലീസിന്. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമിച്ചിരിക്കുന്ന ചിത്രം സിദ്ദിഖ് പറവൂരാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയിലെ ആദ്യ എഐ ആര്‍ട്ട്ഹൗസ് സിനിമയെന്ന പ്രത്യേകതയും വാഗ്ദത്തഭൂമിക്കു സ്വന്തം. പുതുതലമുറയുടെ കുടിയേറ്റ പ്രവണത കേരളത്തെ വയോധികരുടെ താഴ്വരയായി മാറ്റുന്ന ഗൗരവതരമായ സാമൂഹിക ചർച്ചയാണ് സിനിമ മുന്നോട്ടു വയ്ക്കുന്നത്.
ഭൂമിയെന്നത് ഒരാളുടെ സ്വത്തും ആസ്തിയും മാത്രമല്ല, ഓർമയും വേരുകളും ആത്മാവും തന്നെയാണെന്ന സന്ദേശമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ക്ലാസിക് ലോക സിനിമയുടെ ദൃശ്യഭാഷയും ആധുനിക എഐ സാങ്കേതികവിദ്യയും ചേർന്ന അപൂർവമായ സിനിമാറ്റിക് അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.
കുടുംബബന്ധങ്ങളുടെ നിശബ്ദ വേദനയും തലമുറകളുടെ സ്വപ്നങ്ങളും പ്രകൃതിയോടുചേര്‍ന്ന മനുഷ്യന്റെ അടുപ്പവും ആഴത്തില്‍ സ്പര്‍ശിക്കുന്ന സിനിമയാണ് വാഗ്ദത്തഭൂമി.
ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് മോഡൽ നൽകിയിരിക്കുന്നത് ഡോ. അനശ്വര, ഷാജു വാലപ്പൻ, സുരേഷ് നെല്ലിക്കോട്, നോയൽ ഷാജു, ജോസ് മാമ്പള്ളി, ബക്കർ മാടവന, നസീമ അറക്കൽ, നൗഷാദ് സാഗ, റഷീദ് മുഹമ്മദ് തുടങ്ങിയവരാണ്.
കഥാസാരം
കേരളത്തിലെ ഒരു മലയോര ഗ്രാമത്തിന്റെ മണ്ണും മഴയും മരങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയ ജീവിതമാണ് സോളമന്റേത്. തലമുറകളായി കൈമാറിവരുന്ന കൃഷിഭൂമിയും ഓര്‍മകള്‍ നിറഞ്ഞ തറവാട് വീടും അദ്ദേഹത്തിന് വെറുമൊരു സ്ഥലമല്ല, അത് പിതാക്കന്മാരുടെ അധ്വാനവും ആത്മാവുമാണ്.
ഭാര്യ ക്ലാരയോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന സോളമന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു കൊടുങ്കാറ്റായി മകന് സാം കടന്നുവരുന്നു.
തൊഴില്‍ തേടി കാനഡയിലേക്ക് കുടിയേറിയ സാം അവിടെ പുതിയജീവിതം കെട്ടിപ്പടുക്കാനായി സോളമന്റെ പേരിലുള്ള വീടും കൃഷിസ്ഥലവും വില്ക്കാന് സോളമന്റെ അനുവാദം ചോദിക്കാതെ കരാറില്‍ ഏര്‍പ്പെടുന്നു. കാനഡയില്‍ സ്വന്തമായി വീട് വാങ്ങുന്നതിനാണ് സാം ഇപ്രകാരം ചെയ്യുന്നത്. ഇതോടെ നാടുവിട്ടുപോകാന്‍ ഇഷ്ടപ്പെടാത്ത സോളമനും മകനും തമ്മിലുള്ള ആത്മസംഘര്‍ഷം ശക്തമാകുന്നു.